പൂന: ട്രക്കിംഗിനിടെ പൂനയിലെ ശതകോടീശ്വരനായ യുവാവ് കാൽവഴുതി കൊക്കയിൽ വീണുമരിച്ച സംഭവത്തിൽ വഴിത്തിരിവ്. മരണത്തിനു പിന്നിൽ പ്രതിശ്രുത വധുവും കാമുകനുമാണെന്നു പോലീസ് കണ്ടെത്തി.
ശതകോടീശ്വരനും പൂന സ്വദേശിയുമായ കേതന് വിശാല്‍ അഗര്‍വാളിനെ (26) കൊലപ്പെടുത്തിയ കേസിലാണ് പ്രതിശ്രുതവധു സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും അറസ്റ്റിലായത്. കഴിഞ്ഞ 18നു പൂനയിലെ ലോഹഗദ് കോട്ടയ്ക്കു സമീപമാണ് സംഭവം.
കേതൻ അഗർവാളിന്റെയും സിയയുടെയും വിവാഹം നവംബറിൽ ഉദയ്പൂരില്‍ ആഡംബരപൂർവം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത സംഭവം. ഇതിനായി 17 കോടി രൂപ മുടക്കി കൊട്ടാരം ബുക്ക് ചെയ്തിരുന്നു. അതിഥികളെ കൊണ്ടുപോകുന്നതിന് രണ്ട് സ്വകാര്യജറ്റുകളും സജ്ജീകരിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട മറ്റു ചടങ്ങുകള്‍ക്കായി ഇരുകുടുംബവും തയാറെടുക്കുകയായിരുന്നു.
സിയ ഗോയലിന് വിവാഹത്തോടുള്ള എതിര്‍പ്പാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ് പറയുന്നു. കാമുകനായ ചേതനൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്താനുള്ള പദ്ധതിക്ക് പിന്നിലെന്ന് പ്രതികള്‍ സമ്മതിച്ചു.
കഴിഞ്ഞ 31ന് കേതനും സിയയും ലോഹഗഡ് കോട്ടയിലേക്ക് ട്രക്കിംഗ് നടത്തിയിരുന്നു. ഈ യാത്രയ്ക്കിടെയാണ് ഇവിടെവച്ച് കേതനെ കൊല്ലാനുള്ള പദ്ധതി സിയ ആസൂത്രണം ചെയ്യുന്നത്. അതിനായി കഴിഞ്ഞ 14ന് വീണ്ടും ഇരുവരും ഈ സ്ഥലത്തെത്തി.
പാമ്പുകടിയേറ്റതായി അഭിനയിച്ച് അതിനിടെ കേതനെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. തുടര്‍ന്നാണ് ജന്മദിനാഘോഷത്തിന്റെ പേരില്‍ ഇവര്‍ വീണ്ടും 19ന് ലോഹഗഡിലേക്ക് എത്തിയത്. അന്ന് അടുത്ത രണ്ട് സുഹൃത്തുക്കളും ഇരുവർക്കുമൊപ്പം ചേർന്നു.
ചേതന്‍ ചൗധരി ഇവരെ പിന്തുടര്ന്ന് ലോഹഗഡ് ഫോര്ട്ടിലേക്കെത്തുകയും ചെയ്തിരുന്നു. ഫോട്ടോ പകര്‍ത്തുന്നതിനിടെയാണ് സിയയും കാമുകനായ ചേതന്‍ ചൗധരിയും ചേര്‍ന്ന് കേതനെ താഴേക്ക് തള്ളിയിട്ടത്. സംഭവസ്ഥലത്തുവച്ചുതന്നെ കേതന് മരിച്ചു.